May 16, 2011

മുള്ളനും നസീറും ഒരു പാമ്പും


ഭാഗം 1

ടമാര്‍ പഠാര്‍.... എഴുന്നേക്കടാ...

അതിരാവിലെത്തന്നെ ഈ ബഹളവും കേട്ടുകൊണ്ടാണ് റെമോ കണ്ണുതുറന്നത്. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും മുറിയിലെ ലൈറ്റ്‌ ഓണ്‍ ആണെന്നും പതിവില്ലാത്തതെന്തോ നടക്കുകയാണെന്നും ബോധ്യംവന്നപ്പോള്‍ അവന്‍ കണ്ണുതിരുമ്മി ചുറ്റും നോക്കി. കാറയുടെ ബെഡ്ഡില്‍ അവനില്ല. തിരിഞ്ഞു കുഞ്ഞിയുടെ ഭാഗത്തേക്ക് നോക്കിയപ്പോള്‍ കാറ അതാ അവിടെ! അവന്‍റെ വലതുകാല്‍ പൊങ്ങിയുയരുന്നു. അത് കുഞ്ഞിയുടെ നടുവില്‍ പതിക്കുന്നു. കുഞ്ഞി നിലവിളിക്കുന്നു. കൂടെ കാറയുടെ ആഹ്വാനവും, വാ. നമുക്ക് നടക്കാന്‍ പോകാം.

റെമോ
ഇതെന്തുകൂത്ത്! റെമോ ഇത് പറഞ്ഞില്ല. ഇങ്ങനെ ചിന്തിക്കുക മാത്രം ചെയ്തു. ഇത് ഉരുവിട്ടാല്‍ കുഞ്ഞിയുടെ പുറത്ത് കുതിരകയറുന്നത് മതിയാക്കി അവന്‍ തന്‍റെ നേര്‍ക്ക്‌ തിരിയും എന്ന് അവനു നല്ല ബോധ്യമുണ്ടായിരുന്നു. അതിനാല്‍ പുതപ്പ് വലിച്ചു തലവഴിമൂടി ഒന്നും അറിയാത്തഭാവത്തില്‍ അവന്‍ കിടന്നു. എന്തായാലും കുറച്ചുകഴിഞ്ഞപ്പോള്‍ കുഞ്ഞി എഴുന്നെല്‍ക്കുന്നതും അവര്‍ രണ്ടുംകൂടെ നടക്കാന്‍ (?) പോകുന്നതും അവന്‍ മനസ്സിലാക്കി.

ഭാഗം 2

ടാ പുല്ലേ, നിനക്ക് വേറെ പണിയൊന്നുമില്ലേ? എന്നാണ് ചോദിക്കാന്‍ തോന്നിയതെങ്കിലും കുഞ്ഞി കാറയോട് ഇത്രയുമേ പറഞ്ഞുള്ളൂ, വാ, പോകാം. മറ്റെന്തെങ്കിലും പറഞ്ഞാല്‍ രാവിലെത്തന്നെ നട്ടെല്ലിന്റെ ആണി കാറ ഇളക്കും എന്ന് അവനു തോന്നി. ഇന്ന് പുതിയ വട്ടാണ്. നടക്കാന്‍ പോകല്‍!, അവന്‍ ചിന്തിച്ചു, ഏതോ ഒരുത്തന്‍ വയറ് ചൂണ്ടി കളിയാക്കിയതിന്റെ അനന്തരഫലം. ദൈവമേ, എന്തിനെന്നെ ഇങ്ങിനെ പരീക്ഷിക്കുന്നു? ഉറക്കത്തീന്നു എഴുന്നെല്‍പ്പിക്കുന്നതിനും ഒരു രീതിയൊക്കെ ഇല്ലേ? ഇവന്‍ കാരണം ഞാന്‍ പുതിയ കൈയും കാലും ഒക്കെ വക്കേണ്ട ഗതികേടിലായല്ലോ! ഹും... എന്തായാലും കുറച്ചു നടന്നേക്കാം. വെള്ളമായ നട്ടെല്ല് ഒന്നുറക്കാന്‍ നടക്കുന്നത് നല്ലതാ.

അങ്ങിനെ കുഞ്ഞി എഴുന്നേറ്റു. അപ്പിയിട്ടു പല്ലും തേച്ച് (:P) കാറയുടെ കൂടെ ഇറങ്ങിപ്പുറപ്പെട്ടു.

ഭാഗം 3

എങ്ങോട്ടാ?, ചോദ്യം കുഞ്ഞിയുടെതായിരുന്നു. എങ്ങോട്ടാ നമ്മള്‍ നടക്കുന്നേ?

നീ വാ. ആദ്യം നമുക്ക് പോയി മുള്ളനെ വിളിച്ചുനര്ത്താം. എന്നിട്ട് അവനെയും കൂട്ടി നടക്കാം.

എന്തിനാ? രാവിലെ നീ തന്ന ഇടി ഞാന്‍ കൊണ്ടു. ഇനി അവനും കൂടെ എന്നെ ഇടിക്കട്ടെന്നോ? എനിക്ക് വയ്യളിയാ!

ഇല്ലടാ. അവന്‍ കുറച്ചു മനുഷ്യത്വമുള്ളവനാ!

ഹും. അതെയതെ. നിന്നെക്കാളും ഉണ്ട്.

എന്തോ?

ഒന്നുമില്ല. ഷൂ ഇടാമായിരുന്നു എന്ന് പറഞ്ഞതാ.

ആ. ഇത്രേം എത്തിയില്ലേ? ഇനി വേണ്ടാ.

ശരി. [കുന്തം! നിന്നെ മുള്ളന്റെ വീട്ടിലെ പശു കുത്തട്ടെ!]

ഭാഗം 4

[ഫോണ്‍ റിങ്ങുന്നു. മുള്ളന്‍ കേള്‍ക്കുന്നില്ല. വീണ്ടും റിങ്ങുന്നു. വീണ്ടും മുള്ളന്‍ കേള്‍ക്കുന്നില്ല. വീണ്ടും റിങ്ങി. മുള്ളന്‍ നോ കേള്‍ക്കല്‍. അങ്ങിനെ കുറെയായപ്പോള്‍ മുള്ളന്റെ അമ്മ വന്നു മുള്ളനിട്ടൊരു തട്ട് കൊടുത്തു. അപ്പോള്‍ മുള്ളന്‍ കേട്ടു നല്ല ചീത്ത.]


മുള്ളന്‍
മുള്ളന്‍: എന്തുവാടെയ്‌ രാവിലെത്തന്നെ?

കാറ: ടാ, നടക്കാന്‍ വരുന്നോ? ഞാനും കുഞ്ഞിയുമുണ്ട്.

മു: പാവം കുഞ്ഞി! നിങ്ങള്‍ എവിടാ?

കാ: ഞങ്ങള്‍ നിന്‍റെ വീടിനുമുന്നില്‍ ഉണ്ട്. വഴീല്. ഇറങ്ങി വാ.

മു: ആ സംഭവം വീടിന്‍റെ കതക് ചവിട്ടിപ്പൊളിക്കുന്നതിനു മുന്‍പ് അങ്ങോട്ട്‌ ചെല്ലാം. ശരി. ദാ വരുന്നു.

അങ്ങിനെ മുള്ളനും നടരാജന്മാരില്‍ ഒരാളായി.


ഭാഗം 5

അങ്ങിനെ നടക്കുമ്പോളാണ് മുള്ളന്‍ ആ അമിട്ട് പൊട്ടിച്ചത്.

മു: അളിയാ, ഞാന്‍ ഒരു സ്വപ്നം കണ്ടു. അത് മുഴുവനും കാണാന്‍ പറ്റിയില്ല. ക്ലൈമാക്സ് എത്താറായപ്പോളാ നീ എന്നെ വിളിച്ചത്.
കാ: ഇനി പറഞ്ഞിട്ടെന്താ? വല്ല തീയേറ്ററും ആയിരുന്നെങ്കില്‍ കാശ് തിരികെ ചോദിക്കാമായിരുന്നു.
കു: [ആത്മഗതം] അവന്‍റെ ഒരു ഓഞ്ഞ തമാശ! വളിപ്പടിക്കാന്‍ നേരവും കാലവും നോക്കാത്ത ഒരു ഒരു .....
കാ: എന്താ കുഞ്ഞീ ആലോചിക്കുന്നെ?
കു: ഓ... ഞാനാ ഷൂവിന്റെ കാര്യം ചിന്തിച്ചതാ.
കാ: നിനക്കതു കളയാറായില്ലേ? ആ മുള്ളാ, നീയെന്ത് സ്വപ്നമാ കണ്ടേ?
മു: അതൊരു സംഭവമാ അളിയാ. ആദ്യം ഞാനൊരു കുളം കണ്ടു.
കാ: എന്നിട്ട് എന്നിട്ട്? കുളിസീനാണോ? ആരുടെയാ?
കു: [ആത്മഗതം] കാ...പ്രാ......
മു: കുളിസീന്‍ തന്നെ. പക്ഷേ എന്‍റെ തന്നെയാ. എന്തേ?
കാ: അയ്യേ! ആ എന്നിട്ട്, ബാക്കിപറ.
മു: ആ, അപ്പോള്‍ ഞാന്‍ അങ്ങിനെ കുളിച്ചുകൊണ്ടിരിക്കുന്നു. എണ്ണയൊക്കെ തേച്ച് നല്ല വിശാലമായ കുളി. കുളിച്ചു കുളിച്ചു ഞാന്‍ ആ കുളം കലക്കിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് ദാ...
കാ: എന്ത്? പെട്ടെന്നെന്തു?
മു: ഡേയ്, ഞാന്‍ ഒന്ന് പറഞ്ഞോട്ടെ!
കു: അളിയാ, നീ പറ.
മു: അപ്പോള്‍ ഞാന്‍ ഇങ്ങിനെ കുളി....
കാ: അത് മനസ്സിലായി. ബാക്കിപറ.
മു: ബാക്കിയാ പറയുന്നേ. ഞാനിങ്ങനെ കുളിച്ചോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് കുളത്തിലൊരു അനക്കം.
കാ: ഏ?
മു: ആ.. ഞാന്‍ സൂക്ഷിച്ച് നോക്കി. പെട്ടെന്ന് ഒരു അനാക്കോണ്ടാ എന്‍റെ നേരെ വായും പൊളിച്ച് നീന്തി വരുന്നു.
കു: കുളം അത്രയും വലുതായിരുന്നോ?
കാ: കഥയില്‍ ചോദ്യമില്ല! സ്വപ്നത്തിലും!
മു: അതെനിക്കൊര്‍മയില്ല. എന്തായാലും ഒരു വലിയ അനാക്കോണ്ടാ.
കാ: അനാക്കോണ്ടാ അല്ലെങ്കിലും വലുതാടേ.
മു: എന്തായാലും ഈ സാധനത്തിനെ കണ്ടതും ഞാന്‍ കുളത്തീന്നു കേറി ഓടി. ഓടിയോടി കുറെ ദൂരമെത്തി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ പുറകില്‍ നസീര്‍ നില്‍ക്കുന്നു!
കു: നമ്മുടെ നസീറോ?!
പാമ്പ് അവനെ പിടിച്ച് വരിഞ്ഞുമുറുക്കി ശാപ്പിട്ടു!
മു: അതേ. നമ്മുടെ നസീര്‍ തന്നെ! നോക്കുമ്പോള്‍ പാമ്പ് അവന്‍റെ തൊട്ടു പിറകില്‍. ഞാന്‍ അവനോടു വിളിച്ചുപറയാന്‍ നോക്കി. പക്ഷേ അപ്പോഴേക്കും കുറെ താമസിച്ചിരുന്നു. പാമ്പ് അവനെ പിടിച്ച് വരിഞ്ഞുമുറുക്കി ശാപ്പിട്ടു! എന്നിട്ട് അത് ഇഴഞ്ഞ് എന്‍റെ നേരെ വരാന്‍ തുടങ്ങി. ഞാന്‍ പേടിച്ചു വിറച്ചു അനങ്ങാന്‍ പോലുമാവാതെ അവിടെത്തന്നെ നിന്ന്. അതെന്‍റെ തൊട്ടടുത്തെത്തി. എന്‍റെ നേരെ വായുംപോളിച്ചു വന്നു. ഞാന്‍ പേടിച്ച് കയ്യ് രണ്ടും ഉയര്‍ത്തി. പെട്ടെന്ന്...
കു: പെട്ടെന്ന്!
മു: അമ്മയെന്നെ ഉണര്‍ത്തി. അപ്പോളാ നിങ്ങളുടെ കോള്‍ ഞാന്‍ കണ്ടത്.
കാ: കളഞ്ഞു! കഥ കേട്ട് രസംപിടിച്ചു വരുവായിരുന്നു. മൊത്തം കളഞ്ഞു!
മു: അപ്പോ എന്നെ പാമ്പ് പിടിക്കുന്നത്‌ നിനക്ക് രസമാണല്ലേ?
കാ: അതല്ലടാ. ഒരു സ്വപ്നം അല്ലേ? കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു. അതാ.
കു: അതുവിട്. അപ്പോള്‍ നിന്‍റെ സ്വപ്നത്തില്‍ നസീറിനെ പാമ്പ് പിടിച്ചു, അല്ലേ?
മു: അതേ. അതിന്?
കു: കാര്യമുണ്ട്...

കുഞ്ഞിയുടെ മുഖത്ത് ഒരു ചിരിവിരിഞ്ഞു. ഒരു കള്ള-തല്ലുകൊള്ളിച്ചിരി!

ഭാഗം 6

കുഞ്ഞി: “ക്ഷിപ്രാ, നീ ഉറങ്ങുവായിരുന്നോ?”
ക്ഷിപ്രന്‍: “രാവിലെ അഞ്ചരക്ക് വിളിച്ചെഴുന്നെപ്പിച്ചിട്ടു ഒരുമാതിരി മഞ്ഞപ്രയിലെ ചോദ്യം ചോദിക്കരുത്!”
കു: “അല്ലടാ, നീ നേരത്തേ എഴുന്നേറ്റായിരുന്നോ എന്നറിയാന്‍ ചോദിച്ചതാ.”
ക്ഷി: “ആട്ടെ, എന്താ ഇപ്പോള്‍ ഒരു വിളി? എന്തുപറ്റി?”
കു: “എനിക്കത് പറയാന്‍ വയ്യ! നീ കാറയോട് സംസാരിക്കൂ.”
കാ: “ക്ഷിപ്രാ..”
ക്ഷി: “എന്താടാ? സീരിയസ് ആയ എന്തെങ്കിലും ആണോ? ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ? നീയോക്കെക്കൂടി റെമോയെ” കൊന്നോ?!”
കാ: “എടാ. നമ്മുടെ നസീര്‍...”
ക്ഷി: “നസീറിന് എന്തുപറ്റി? അവന്‍റെ ലാപ്ടോപ് കേടായോ? ബി.പി കൂടിയോ? ഹാര്‍ട്ട് അറ്റാക്ക് വന്നോ? എന്താ പറ്റിയെ?”
കാ: “അവനെ പാമ്പ് പിടിച്ചടാ.” [കരയുന്നു]
ക്ഷി: “പാമ്പ് പിടിച്ചോ? റെമോ ഇന്നലെ വെള്ളമടിച്ചോ? അവനൊന്നും പറഞ്ഞില്ലാരുന്നല്ലോ?”
കാ: “ഡേയ്, അവനെ ശരിക്കും പാമ്പ് പിടിച്ചു. ശരിക്കും പാമ്പ്. റെമോ അല്ല!”
ക്ഷി: “എന്ത് പാമ്പ്! എന്ത് തരം പാമ്പ്?”
കാ: [കുഞ്ഞിയോട്] “ഡേയ്, എന്ത് പാമ്പാ അവനെ പിടിച്ചതെന്ന് ചോദിക്കുന്നു”
കു: “മലമ്പാമ്പ് ആന്ന് പറ.”
കാ: “ക്ഷിപ്രാ, മലമ്പാമ്പ് ആണടാ. അപ്പോള്‍ തന്നെ തീര്‍ന്നു! അവന്‍റെ പകുതി ആ പാമ്പ് വിഴുങ്ങി! ബാക്കി പകുതിയേ കിട്ടിയുള്ളൂ.”
ക്ഷി: “അയ്യോ! രാവിലെത്തന്നെ ഇത് സംഭവിച്ചല്ലോ. ഇന്നലെ രാത്രികൂടെ അവന്‍ എന്നെ വിളിച്ചതാ. കഷ്ടം. എന്നാലും നമ്മുടെ നസീറിന്.....”

[നിലവിളിയുടെ ആരംഭം. കഷ്ടം, നാശം എന്നിങ്ങനെ കുറെ വാക്കുകളും രഞ്ജിത്തിന്റെ ‘രാവണപ്രഭു’ എന്ന ചിത്രത്തിലെ ഏതോ ഡയലോഗും! നിലവിളി പൂര്‍ണം!]

"എനിക്ക് കുറച്ചു ജോലിയുണ്ട്."
ക്ഷി: “ഒരു കാര്യം ചെയ്യ്. നിങ്ങള്‍ അങ്ങോട്ട്‌ പുറപ്പെട്ടോളൂ. എനിക്ക് കുറച്ചു ജോലിയുണ്ട്. ഞാന്‍ അതുകഴിഞ്ഞ് ഒരു പത്ത് മണിയാകുമ്പോഴേക്കും എത്താം. അപ്പോള്‍ ഇന്ന് ക്ലാസ്സ്‌ ഇല്ലല്ലോ?”
കാ: “ഏ?!! കൂട്ടുകാരന്‍ മരിച്ചാലും നിനക്ക് വീട്ടിലെ ജോലിയാണോടാ പ്രധാനം? എന്നാലേ, ഞങ്ങള്‍ ചുമ്മാ പറഞ്ഞതാ. അവനൊന്നും പറ്റിയിട്ടില്ല. നീ ഇങ്ങു വാ. ഇവിടെ വന്നിട്ട് ബാക്കി.”
ക്ഷി: “അളിയാ. അത്... അല്ലാ... രാവിലെ വിളിച്ചിട്ട് മനുഷ്യനെ ഊശിയാക്കുന്നോ നാ........”
കാ: “ആഹാ... രാവിലെത്തന്നെ അനര്‍ഗളനിര്‍ഗളം പ്രവഹിക്കുന്ന ഗാനസുധ! തൃപ്തിയായി.”

ഭാഗം 7

മു: “സുലു, നീ എഴുന്നെറ്റായിരുന്നോ?”
സുലു: “ആ, എഴുന്നെറ്റായിരുന്നു. എന്താടാ?”
മു: “നമ്മുടെ നസീറിനെ പാമ്പ് കടിച്ചു. ടീവിയിലോക്കെ ഉണ്ട്.”
സു: “എങ്ങിനെയാ സംഭവം?”
മു: “രാവിലെ തെങ്ങിന്‍തോപ്പില്‍ തേങ്ങ പെറുക്കാന്‍ പോയതാ. അപ്പോളാ അവിടെക്കിടന്ന ഒരു മലമ്പാമ്പ് അവനെ കടിച്ചത്!”
സു: “പാമ്പ് കടിച്ചോ? അതോ കൊത്തിയോ? പാമ്പ് കടിക്കില്ലല്ലോ? കൊത്തുകയല്ലേ?”
മു: “പോടാ പരനാ... അങ്ങോട്ട്‌ വേറുപ്പിക്കാന്‍ നോക്കുമ്പോള്‍ ഇങ്ങോട്ട് ഊശിയാക്കുന്നോ? പന്ന...”

പിന്നീടറിഞ്ഞു, സുലു വിവരം ഉറപ്പിക്കാന്‍ വെളുപ്പിനെത്തന്നെ ഉള്ള മലയാളം ചാനലുകളൊക്കെ മാറിമാറി വച്ചുനോക്കി. മലമ്പാമ്പ് കടിക്കുമോ എന്നറിയാന്‍ വളരെ വിപുലമായ തരത്തില്‍ ഒരു അന്വേഷണവും!


പിന്നീട് ഇതിനെക്കുറിച്ചെല്ലാം അറിഞ്ഞ നസീര്‍ തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെല്ലാം കൂടെ തന്‍റെ മരണവിവരം ഒരു ആഘോഷമാക്കിയതറിഞ്ഞ് രണ്ടു ദിവസത്തേക്ക് മിണ്ടാട്ടം മുട്ടിപ്പോയി.


അമിട്ട്
റബ്ബര്‍ തോട്ടത്തിലെ തേങ്ങാ പെറുക്കല്‍

ചിരിച്ചു കുഴഞ്ഞു അവശനായി നില്‍ക്കുന്ന സായിയെക്കണ്ട് ക്ലാസ്സിലെ ഒരു കുട്ടി കാര്യം തിരക്കി. ഇതെല്ലാം വിശദമായി പറഞ്ഞ ശേഷം സുലുവിനോടും തന്നോടും മുള്ളന്‍ പറഞ്ഞ കാര്യങ്ങള്‍ പറയുന്നതിനിടെ കിട്ടിയ ഒരു മൊഴിമുത്ത് – “മുള്ളന്‍ പറയുവാ, നസീര്‍ രാവിലെ റബ്ബര്‍ തോട്ടത്തില്‍ തേങ്ങാ പെറുക്കാന്‍ പോയപ്പോള്‍.....”


വര : ദാമു എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന ഉമ. ഡി

4 comments:

  1. ho..ho..vishnuchettaaa..thaankal neenal vazhateee...

    ReplyDelete
  2. dialogues kurachu koodi undu :) sayi pendrive edukkan paranjathu...kollaam !!

    ReplyDelete
  3. @മനു,ശരത് : കുറെയധികം നീളം കൂടിയ പാമ്പാണോ എന്നൊരു സംശയം തോന്നിയത് കൊണ്ടാ ഇത്രയും മാത്രമാക്കിയെ. പിന്നെ, ഡയലോഗുകള്‍ കുറെ ഞാന്‍ മറന്നു പോയി. അതാ. പെന്‍ ഡ്രൈവ്‌ തമാശയൊക്കെ ഞാന്‍ മറന്നുപോയി.

    ReplyDelete
  4. Dey... Vishnu.. Ithokke nadannatha...???

    ReplyDelete