Mar 14, 2011

ഒരു യാത്രയും കുറെ യാതനകളും


ഒരു കല്യാണത്തിന് പോയാല്‍ ഇത്രയും നല്ല ഓര്‍മ്മകള്‍ ഉണ്ടാവും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒന്നു-രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് നടന്നതാണെങ്കിലും ഇന്നും ചിലനേരത്ത് ഓര്‍ത്തിരുന്നു ചിരിക്കുവാന്‍ ഉള്ള കാര്യങ്ങള്‍. പെട്ടെന്ന് പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന ഒരു കഥയാണത്.

ഏതാണ്ടു രണ്ടു വര്‍ഷമായിട്ടുണ്ടാവും ഇതൊക്കെ നടന്നിട്ട്. എന്‍റെ ഒരു സുഹൃത്ത്‌ അവന്‍റെ അമ്മായിയുടെ മകന്‍റെ കല്യാണത്തിന് പോകാന്‍ ഞങ്ങള്‍ രണ്ടുപേരെ ക്ഷണിച്ചു. രാവിലെ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരെ കൂടാതെ മറ്റൊരുവന്‍ കൂടെ അവിടെ ഉണ്ട്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ അവന്‍ അവിടെ ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല. ചില പ്രശ്നങ്ങളും മറ്റുമായി ഞങ്ങള്‍ ഈ കഥാപാത്രത്തോട് കുറച്ചു അകന്നു നടക്കുന്ന പരുവത്തിലായിരുന്നു. എന്തായാലും രാവിലെ എല്ലാവരും കൂടെ കല്യാണസ്ഥലത്തേക്ക്പുറപ്പെട്ടു. ഈ കല്യാണത്തിന് കഥയില്‍ അത്ര വല്യ പ്രാധാന്യമില്ലാത്തത് കൊണ്ട് അതിനെക്കുറിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും പറയുന്നില്ല.

എന്തായാലും വൈകിട്ട് എല്ലാവരും തിരിച്ചെത്തിയ ശേഷമാണ് എന്‍റെ സുഹൃത്ത്‌ പറയുന്നത്, ഡാ, നമുക്ക് ചേട്ടന്‍റെ വീട്ടിലേക്കു പുറപ്പെടണം. വണ്ടിയൊക്കെ തയ്യാറാണ്. നമ്മള്‍ നാലുപേരെക്കൂടാതെ കൃഷ്ണേട്ടനും ജിഷ്ണുവും പിന്നെ ബോംബെ എന്ന് വിളിക്കുന്ന ചേട്ടനും ഉണ്ടാവും.

നമ്മള്‍ ആരാ ഈ നാലുപേര്‍?ഞാനും അഖിലും നീയും ആവുമ്പോള്‍ മൂന്നുപേരല്ലേ ആവുള്ളൂ? എന്ന് ഞാനും. അതിന് അവന്‍റെ ഉത്തരം, ഡാ നമ്മുടെ ലവനും ഉണ്ടാവും. ഒഴിവാക്കാന്‍ പറ്റില്ല എന്നായിരുന്നു. എന്‍റെ ഉണ്ടായിരുന്ന താത്പര്യം എവിടെയോ ഒലിച്ചുപോയി. എന്നാല്‍ ഞാനില്ലളിയാ. എടുത്തു വച്ചിരിക്കുന്നതില്‍ ഒരുകുപ്പി ഇങ്ങു തന്നേരെ. ഞാന്‍ എവിടെയെങ്കിലും പോയിരുന്ന് അടിച്ചോളാം, എന്ന് പറഞ്ഞ എന്നോട് അവന്‍ പറഞ്ഞു, ഡേയ്, ഒരുമാതിരി കൊച്ചുപിള്ളേരെപ്പോലെ കളിക്കല്ലേ. ഒന്നുമില്ലേലും നിങ്ങള്‍ ഒരുമിച്ചുപഠിക്കുന്നതല്ലേടാ. എത്ര നാളാന്നുവച്ചാ അവനോടിങ്ങനെ വിരോധവും വച്ചോണ്ട് നടക്കുക?. പിന്നെ അവന്‍റെ കുറേ ഡയലോഗുകളും കൂടെ ആയപ്പോള്‍ ഞാന്‍ അവരുടെകൂടെപ്പോകാന്‍ തീരുമാനിച്ചു. അല്ല, വരാനുള്ളത് വഴിയില്ത്തങ്ങില്ലല്ലോ അല്ലേ?

രാത്രിയായി. ഞങ്ങള്‍ എട്ടുപേരും തിരുവനന്തപുരത്തിന് തിരിച്ചു. നമ്മുടെ കഥാപാത്രം നടുവിലെ സീറ്റിലും ഞാന്‍ പുറകിലെ സീറ്റിലും ആയി ഇരിപ്പുറപ്പിച്ചു. വണ്ടി ഓടിത്തുടങ്ങിയപ്പോള്‍മുതല്‍ താരം സംസാരിച്ചുതുടങ്ങി. കുറ്റം പറയരുതല്ലോ, എത്ര വെറുപ്പിക്കലാണെങ്കിലും അവന്‍ സംസാരിക്കുന്നത് കേട്ട് എത്ര നേരം വേണമെങ്കിലും ഇരിക്കാം. മുഷിയില്ല. അതുകൊണ്ട്തന്നെ ആരും “മിണ്ടാതിരിയെടാ” എന്ന് അവനോട് പറഞ്ഞതുമില്ല.

കരുനാഗപ്പള്ളിയെത്തി. അതോടൊപ്പം എല്ലാവര്‍ക്കും വല്ലാതെ ദാഹവും തുടങ്ങി. വെറുതെയല്ല, വണ്ടിയില്‍ A/C ഇല്ല. പിന്നെങ്ങനെ ഉഷ്ണിക്കാതിരിക്കും? ഉഷ്ണിച്ചാല്‍ ദാഹിക്കില്ലേ? ഒരിക്കലും അതൊരു കുറ്റമല്ല. പുറത്താണെങ്കിലോ, തകര്‍ത്തുപെയ്യുന്ന മഴയും. വൈപ്പര്‍ ഇട്ടിട്ടും നേരെചൊവ്വേ റോഡ്‌ കാണാന്‍ പറ്റുന്നില്ല എന്ന ഡ്രൈവര്‍ ചേട്ടന്‍റെ പരാതിയും കൂടെയായപ്പോള്‍ പൂര്‍ണം. തീര്‍ച്ചയായും ദാഹിക്കും. കൂടാതെ, ഉഷ്ണത്തിന് പുറമേ പരവേശവും.

ദാഹം സഹിക്കവയ്യാതായപ്പോള്‍ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുറേശ്ശെയായി കുടിച്ചുതുടങ്ങാം എന്ന് തീരുമാനമായി. ഈ ‘ബോംബേ’ എന്ന് വിളിക്കപ്പെടുന്ന ചേട്ടന്‍ പ്രായത്തില്‍ ഞങ്ങളെക്കാലും മൂത്തതായത് കൊണ്ട് അദ്ദേഹം തുടങ്ങട്ടെ എന്ന് നമ്മള്‍ അംഗീകരിച്ചു. ആ തീരുമാനത്തിന് പിന്നില്‍ മറ്റൊരുകാര്യം കൂടി ഉണ്ടായിരുന്നു. നമ്മുടെ നായകനും ഈ ചേട്ടനും ഞങ്ങളുടെ കഴുത്തില്‍ കത്തിവക്കുന്നതില്‍ പരസ്പരം പോരടിക്കുകയായിരുന്നു. സ്വാഭാവികമായും അദ്ദേഹത്തിന് ദാഹം കൂടും.

എന്തായാലും കുപ്പിയുടെ മൂട്ടില്‍ കൈമുട്ടുകൊണ്ട് ഒരു തട്ടും, അടപ്പില്‍ ഒരിടിയും കൊടുത്തു ഉള്ളിലുള്ള ദ്രാവകത്തെ ഉണര്‍ത്തിക്കൊണ്ട് ബോംബേ ചേട്ടന്‍ ആ കര്‍മ്മം നിര്‍വഹിച്ചു. കുപ്പി തുറക്കപ്പെട്ടു. ഗ്ലാസ്സുകള്‍ നിരത്തിപ്പിടിക്കപ്പെട്ടു. സാമാന്യം മാന്യമായ അളവില്‍ ഓരോ ഗ്ലാസ്സിലേക്കും ദാഹശമനി പകരപ്പെട്ടു. മായം ചേര്‍ത്ത് കഴിക്കാന്‍ താത്പര്യമുള്ളവര്‍ ആവശ്യത്തിന് വെള്ളം ഒഴിച്ചു. ഒരു ‘ചിയേര്സ്’, ഞാന്‍ എണ്ണിയ ഒരേയോരെണ്ണം, പറഞ്ഞ് ഓരോരുത്തരായി അണ്ണാക്കിലേക്ക് ദ്രാവകം പകര്‍ന്നു. ഉഷ്ണം മാറി. പകരം ചോരതിളച്ചു തുടങ്ങി, ഒപ്പം ഒരെണ്ണം ഉള്ളില്ച്ചെന്നാല്‍ തീരും എന്ന് ഞങ്ങള്‍ കരുതിയ കത്തിവയ്പ് പൂര്‍വാധികം വീര്യത്തോടെ രണ്ടു കേന്ദ്രങ്ങളും തുടര്‍ന്നു.

വണ്ടിയില്‍ താളംതല്ലി പരന്നൊഴുകുന്ന വീര്യത്തോടൊപ്പം പാട്ടും കൂടിയായപ്പോള്‍ എല്ലാവരുംതന്നെ ‘പരിധിക്ക് പുറത്ത്‌’ ആയി. ‘പൂവനങ്ങള്‍ക്കറിയാമോ’ എന്ന പാട്ടും ഏറ്റുപാടി ഞങ്ങള്‍ എല്ലാവരും അവിടം കൊഴുപ്പിക്കുകയായിരുന്നു. അപ്പോളാണ് നമ്മുടെ താരത്തിന് മുന്നിലിരുന്നു ചെലുത്തുന്നതില്‍ ഒരു സുഖമില്ലെന്നു തോന്നിയത്. മാത്രമല്ല, അവന്‍റെ കൂടെ ഇരിക്കുന്നവര്‍ക്ക് ഒരു ചൂടുമില്ല. വെള്ളംകുടിക്കാന്‍ താത്പര്യമുള്ളവര്‍ എല്ലാവരും പുറകിലെ ഇടുങ്ങിയ സ്ഥലത്താണ്. അങ്ങിനെ അദ്ദേഹവും പുറകിലേക്കെത്തി.

നാലെണ്ണം ഉള്ളില്ച്ചെന്നപോളേക്കും എന്‍റെ കെട്ടുവിട്ടെന്ന് എനിക്ക് മനസ്സിലായി. കൂടുതല്‍ എന്തെങ്കിലും ഉള്ളില്ച്ചെന്നാല്‍ കഷ്ടപ്പെട്ട് കഴിച്ചതുമുഴുവന്‍ പുറത്തേക്കുപോരും എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പരിപാടി നിര്‍ത്തി എന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, തൊട്ടുകൂട്ടാന്‍ മറ്റൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഉണ്ടായിരുന്ന ബ്രെഡും ഒക്കെ കഴിച്ചുകൊണ്ട് പാട്ടുംപാടി ഇരിക്കുകയും ചെയ്തു. അപ്പോളാണ് തൊല്ല തുടങ്ങിയത്.

രണ്ടെണ്ണം ഉള്ളില്‍ചെന്നാല്‍ ഈ ലോകത്തിലെ മുഴുവന്‍ ആള്‍ക്കാര്‍ക്കും വെള്ളം മേടിച്ചുകൊടുക്കുന്നത് താനാണെന്ന് ചിന്തയുണരുന്ന അലവലാതിക്ക് ഞാന്‍ കുടി നിര്‍ത്തിയത് പിടിച്ചില്ല. എന്നാല്‍, “ഇക്കാര്യം പിടിക്കാത്തത് തന്‍റെ തലക്കുപിടിച്ചതുകൊണ്ടല്ലേ? അത് വിളിച്ചുപറയണോ? അതിന്‍റെ ആവശ്യം ഉണ്ടോ?”, എന്നൊന്നും ചിന്തയില്ലാത്ത ഇദ്ദേഹം പയ്യാരം പറച്ചില്‍ തുടങ്ങി. “ഞാന്‍ നിന്നെക്കുറിച്ച് ഇങ്ങനെയൊന്നും അല്ല കരുതിയത്‌. നാലെണ്ണം കഴിച്ചപ്പോള്‍ നീ നിര്‍ത്തിയോ? ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ? എന്താ ഇപ്പോള്‍ പറ്റിയത്?”, എന്നീ വഹ കാര്യങ്ങളും കുറേ തെറിയും. ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്നെയും പിന്നെയും എന്‍റെ ആത്മാഭിമാനത്തില്‍ തോണ്ടിയും കുത്തിയും പിച്ചിയും മാന്തിയും എന്നെക്കൊണ്ട് അവന്‍ വീണ്ടും കുടിപ്പിക്കും എന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്‍റെ ഏറ്റവും മാന്യമായ ഭാഷയില്‍ അവനോട് മൊഴിഞ്ഞു, “മിണ്ടാതിരിയെടാ.”

“ഞാന്‍ ഒന്നും പറയുന്നില്ല. എന്നാലും ഞാനൊക്കെ ഇങ്ങിനെ പാമ്പായിട്ടിരിക്കുമ്പോള്‍ നീ മാത്രം  ഇതിലൊന്നും പങ്കെടുക്കാതെ ഇരിക്കുന്നതുകണ്ടപ്പോള്‍...” അവന്‍റെ വക അടുത്ത മൊഴിമുത്ത്. എനിക്ക് എവിടുന്നോക്കെയോ ചൊറിഞ്ഞു തുടങ്ങി. പിന്നെ അവന്‍ എന്നേക്കാളും പൊക്കത്തിലും വണ്ണത്തിലും, പോരാഞ്ഞ് ആരോഗ്യത്തിലും, മുട്ടനായതുകൊണ്ട്, “നീ നിന്‍റെ കാര്യം നോക്കടെയ്‌”, എന്നൊരു താരതമ്യേന തീരെച്ചെറിയ മറുപടിയില്‍ എന്‍റെ പ്രതികരണം ഞാന്‍ ഒതുക്കി. എന്നാലോ? അവന്‍ അവിടം കൊണ്ടു നിര്‍ത്തുമോ? എന്‍റെ കുടലും പണ്ടവും മൊത്തത്തില്‍ എന്‍റെ വായിലൂടെ വലിച്ചു പുറത്തിടീക്കണം എന്നോരുദ്ദേശ്യം അവനുണ്ടായിരുന്നോ എന്നെനിക്കൊരു സംശയം ഇപ്പോളും ഉണ്ട്.

ഇങ്ങിനെ അവന്‍റെ നിര്‍ബന്ധവും എന്‍റെ പ്രതികരണങ്ങളും സ്വന്തം വാലില്‍ പിടിക്കാന്‍ വട്ടംകറങ്ങുന്ന പട്ടിയുടെ പ്രയത്നം പോലെ നീണ്ടു നീണ്ടു പോയി. അവനൊട്ട് നിര്‍ത്തത്തുമില്ല ഞാനൊട്ടു വഴങ്ങുകയുമില്ല. ഇതിങ്ങനെ കുറെയായപ്പോള്‍ കത്തിയടിക്കാന്‍ സന്ദര്‍ഭം കിട്ടാതെ ഞങ്ങളെ നോക്കിയിരുന്ന ബോംബേ ചേട്ടന്‍ അവനെ പിന്തുണച്ചുതുടങ്ങി. എത്ര നേരമെന്നുവച്ചാ അങ്ങേര് മിണ്ടാതിരിക്കുക? കഷ്ടം. ഞങ്ങള്‍ ഒരു സമവായത്തിലെത്തിയിട്ടുവേണം അങ്ങേര്‍ക്കു നിര്‍ത്തിയിടത്തു നിന്ന് തുടങ്ങാന്‍. ഏതോ ബസ്സിലെ കണ്ടക്ടറെ തെറിവിളിച്ച കഥ പകുതിയായപ്പോളാണ് ഞങ്ങളുടെ കലാപരിപാടി തുടങ്ങിയത്. അങ്ങേര്‍ക്കുമില്ലേ സംസാരിക്കണമെന്നും ആള്‍ക്കാര്‍ ഇനിയും തന്‍റെ ഭാവനയും കഥകളും ആസ്വദിക്കണമെന്നും ആഗ്രഹം? പുള്ളിയെ കുറ്റം പറയാന്‍ പറ്റുമോ? ആ, അതുതന്നെ.

ഞങ്ങളുടെ സംസാരം അങ്ങിനെ ഭീഷണിയായി, പേടിപ്പിക്കലായി, കണ്ണുരുട്ടിക്കാണിക്കലും മസ്സിലുപിടിത്തവും ആയി. ഇങ്ങിനെ രംഗം കൊഴുക്കുമ്പോളാണ് എവിടെനിന്നെന്നറിയാതെ ഒരു കൈ, വീര്‍പ്പിച്ചു മുറുക്കിക്കെട്ടിയ ബലൂണ്‍ കുത്തിപ്പൊട്ടിക്കുന്ന ശബ്ദത്തോടെ, എന്‍റെ കവിളില്‍ വന്നു വീഴുന്നത്. തീര്‍ത്തും പ്രതീക്ഷിക്കാതിരുന്നതുകൊണ്ടും നല്ല കാമ്പുള്ള അടിയായിരുന്നതുകൊണ്ടും എനിക്ക് നല്ലപോലെ വേദനിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നും അറിയാത്തവനെപ്പോലെ ഇരിക്കുന്ന താരം. അവന്‍റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന ബോംബേ. എന്‍റെ കോപം നിയന്ത്രിക്കാന്‍ വടമിട്ട് വലിച്ചു നിലത്തടിച്ചു താഴ്ത്തിയ വിവേകത്തിന്‍റെ മരക്കുറ്റികള്‍ ഓരോന്നായി അഴിഞ്ഞു തെറിക്കുന്നതു ഞാന്‍ മനസ്സിലാക്കി. അവസാനത്തെ കെട്ടും അഴിഞ്ഞുമാറിയപ്പോള്‍ എന്‍റെ കൈകള്‍ ലവന്‍റെ മുഖത്തും ശരീരത്തും നൃത്തം ചെയ്യുകയായി.

പക്ഷേ, അധികം സമയം വേണ്ടിവന്നില്ല ഞാന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മനസ്സിലാക്കാന്‍. നിങ്ങള്‍ കരുതും കുറ്റബോധമാണെന്ന്. യേയ്, അല്ലേയല്ല. എന്‍റെ ആ സ്വാഭാവിക പ്രതികരണം സ്വതേ വട്ടനായ അവനെ ഒരു ഭ്രാന്തനാക്കി. “എന്നെത്തല്ലിയത് നിങ്ങളൊക്കെ കണ്ടില്ലേ...?”, എന്നൊരു ചോദ്യവും ചോദിച്ച് അവന്‍ തിരിച്ചാക്രമിക്കാന്‍ തുടങ്ങി. അവന്‍റെ ഇടി സഹിക്കാം. അത് മനസ്സിലാക്കിയിട്ടോ എന്തോ പിന്നത്തെ അവന്‍റെ ആക്രമണം പല്ലും നഖവും ഉപയോഗിച്ചായിരുന്നു. അവന്‍ എന്നെ മൊത്തത്തില്‍ മാന്തിപ്പറിച്ചു വശക്കേടാക്കി. എന്നാല്‍ ശരീരത്തില്‍ മാന്തുമോ? അതില്ല. അവനെന്‍റെ മുഖത്ത് തന്നെ മാന്തണം. കാലാകാലങ്ങളായി വെട്ടാതെ സൂക്ഷിക്കുന്ന നഖങ്ങള്‍ വളരെ സമര്‍ഥമായിത്തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ട്, കുറച്ചുമുന്‍പ്‌ ഞാന്‍ അവനോട് ചോദിച്ച, “എന്തിനാ ഇങ്ങനെ നഖം വളര്‍ത്തുന്നത്?” എന്ന, ചോദ്യത്തിന് ഉത്തരവും അവന്‍ തന്നു.

ഇങ്ങനെ പോരടിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് ഓരോരുത്തരായി വന്നു വീണ് അവന്‍റെ കരാളഹസ്തങ്ങളില്‍ നിന്നും ഒരുവിധത്തില്‍ എന്നെ രക്ഷിച്ചു. പിന്നെ ഞാന്‍ കേട്ടത് എന്നെ വളരെയധികം ഞെട്ടിച്ച ഒരു സത്യമായിരുന്നു. 

മുഖത്തുനിന്നും കഴുത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന ചോര തുടക്കുന്ന എന്നോട് ബോംബേ ചേട്ടന്‍ പറഞ്ഞ്, “ഡാ, നീയെന്തിനാ അവനെയടിച്ചത്? ഞാനാ നിന്നെ തല്ലിയത്....”

“കുന്തം... നിങ്ങളെന്തിനാ എന്നെ അടിച്ചത്?”

“ചുമ്മാ. നിങ്ങള്‍ കുറേനേരമായില്ലേ വഴക്ക് തുടങ്ങിയിട്ട്? നിര്‍ത്തുന്ന ഭാവമൊന്നും കണ്ടില്ല അതാ. ഇനി നിനക്ക് സമാധാനമാവണമെങ്കില്‍ ദാ.” ഇത് പറഞ്ഞ് നിര്‍ത്തിയതും പുള്ളി ലവന്‍റെ കരണത്തിട്ടൊന്നു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു. ഇപ്പോള്‍ ഞാന്‍ ആരായി? ലവന്‍ ആരായി? ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വന്തം പേരെന്താണെന്ന് പോലും സംശയമായി. ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി. “ഡേയ്, എന്‍റെ പേര് ശശിയെന്നും നിന്‍റെ പേര് സാബു എന്നും ആണോ?”, എന്ന് അവനോടു ചോദിക്കണം എന്നെനിക്ക് തോന്നി. 

പിന്നെയുള്ള യാത്ര മുഴുവന്‍ ലവനും ഞാനും ഒരക്ഷരം പോലും ഉരിയാടിയില്ല. അവനു ഞാന്‍ കുടിക്കുകയും വേണ്ട എനിക്ക് അവനെ അടിക്കുകയും വേണ്ട. എന്തൊരു സന്തോഷം, എന്തൊരു സമാധാനം.

പക്ഷേ, ചെന്നുപെട്ട സ്ഥലത്ത് ഓരോ കോന്തന്മാര്‍ ചോദിച്ച ചോദ്യങ്ങളാണ് സഹിക്കാന്‍ പറ്റാതിരുന്നത്. ഒരു സാമ്പിള്‍ : “ഡേയ്, എന്തരു പറ്റി? നെന്നെ ആരെങ്കിലും ബലാത്സംഗം ചെയ്തോ? മൊഖോം കഴുത്തുമൊക്കെ മാന്തിപ്പറിച്ചു വച്ചിരിക്കുന്നല്ലോ?”... സന്തോഷം... ഇതില്‍പ്പരം പരസ്യം കിട്ടാനില്ല. എന്‍റെ മാനം എന്‍റെ കൊങ്ങാക്കുകുത്തിപ്പിടിച്ചു വിഷം വാങ്ങാന്‍ കാശും വാങ്ങി നിലവിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി. 

ആ സംഭവത്തിന്‌ ശേഷം നമ്മുടെ കഥയിലെ താരത്തിനോട് ഞാന്‍ ഒരേയൊരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. “അളിയാ, നാളെത്തന്നെ നീ നിന്‍റെ നഖം മൊത്തം വെട്ടിക്കളഞ്ഞെക്കണേ”....

3 comments:

  1. ഈ കഥയിലെ ചില സന്ദര്‍ഭങ്ങള്‍ സാങ്കല്‍പ്പികമാണ്.

    ഈ കഥയിലെ താരം ആര് എന്ന് എന്നോട് ചോദിക്കണ്ട, ഞാന്‍ പറയില്ല. അതാരാണെന്ന് അറിവുള്ളവര്‍ ദയവുചെയ്ത് ഇവിടെ പ്രസിദ്ധപ്പെടുത്തരുത്.

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്...

    ReplyDelete
  2. കിട്ടേണ്ടത് കിട്ടിയിട്ടും എന്താ നന്നാവാതിരുന്നത് എന്നൊരു സംശയം മാത്രം ബാക്കിയുണ്ട് :) . കൊള്ളാം യാത്രയും യാതനകളും !!

    ReplyDelete
  3. rasamund vaayikkan....interesting!!!
    1000+ likes for some lines...:)

    ReplyDelete