Sep 17, 2011

ചെളിക്കുണ്ട്


കാലെടുത്തുവച്ച ചെളിക്കുണ്ടില്‍ നിന്നും ഒരു തവള തന്‍റെ നേരെ ഉയര്‍ന്നു ചാടുന്നത് കണ്ടപ്പോളാണ് അവന് താന്‍ നടക്കുകയാണെന്നുള്ള ബോധം വന്നത്. അത്ര സമയവും തന്നെക്കുറിച്ചു തന്നെയുള്ള ബോധം നഷ്ടപ്പെടുവാന്‍ കാരണമെന്തായിരുന്നു? അത്രയും നേരം ഗഹനമായ ചിന്തയില്‍ മുഴുകുവാന്‍ അവനെ പ്രേരിപ്പിച്ചതെന്തായിരുന്നു?

ഒരു ചോദ്യം. തന്നെക്കുറിച്ചുള്ള അവന്‍റെ തന്നെ ചിന്തകളെ, ലാഘവത്തോടെ കണ്ടിരുന്ന ജീവിതത്തെ, ജീവിതവീക്ഷണത്തെ തന്നെ മാറ്റിമറിക്കാന്‍ പോന്ന ഒരു ചോദ്യം. ഇത്ര നേരവും തന്നെ ശ്വാസം മുട്ടിച്ചിരുന്ന ആ ചോദ്യത്തിന്‍റെ പിടിക്ക് ഒരല്‍പം അയവു വന്നതായി അവന് തോന്നി. മനസ്സില്‍ എറിഞ്ഞിരുന്ന തീ ഒരല്‍പം ശമിച്ചത് പോലെ. താനെന്താണ് ചെയ്യുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടാത്ത, സ്വസ്ഥമായി ഒരു ശ്വാസം എടുക്കാന്‍ പറ്റാത്ത ഒരുതരം വിഷാദാവസ്ഥയിലായിരുന്നു അവന്‍.

അവന്‍റെ ചിന്തക്ക് ഹേതുവായിതീര്‍ന്ന ആ ചോദ്യം അവന്‍ വീണ്ടും വീണ്ടും ഓര്‍ത്തുകൊണ്ടിരുന്നു. എത്ര ശ്രമിച്ചാലും പറിച്ചുകളയാനാവാത്ത കളയെപ്പോലെ ആ ചോദ്യം തന്‍റെ ഹൃദയത്തില്‍ വേരുറപ്പിച്ചതായി അവന് തോന്നി. എന്തിനെക്കുറിച്ച് ചിന്തിക്കരുതെന്ന് തീരുമാനിക്കുന്നുവോ ആ ചിന്ത, അതിനെക്കുറിച്ചുള്ള ചിന്ത, തന്‍റെ ഉപബോധമനസ്സില്‍ തങ്ങിനില്‍ക്കുന്നതായി അവന്‍ മനസ്സിലാക്കി.

ഓരോ തവണയും പറിച്ചെറിയാന്‍ ശ്രമിക്കുമ്പോളും അവയുടെ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ ഇറങ്ങുന്നത് പോലെ. ഓരോ തവണയും എടുത്തെറിയാന്‍ ശ്രമിക്കുമ്പോളും അവയുടെ ഭാരം കൂടി വരുന്നത് പോലെ. അവയുടെ മേല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്തോറും തന്‍റെ വിരലുകള്‍ക്കിടയില്‍ നിന്നും അവ വഴുതിപ്പോകുന്നത് പോലെ. തന്‍റെ ചോരകുടിച്ചു ചീര്‍ത്ത ആ ചിന്തകള്‍ തന്നിലെ ജീവനും ഊറ്റിയെടുക്കുന്നത് പോലെ.

അവന്‍ കിതക്കുന്നുണ്ടായിരുന്നു. മടുപ്പിന്റെ കിതപ്പ്. വിയര്‍പ്പ് തുള്ളികളില്‍ ചോരയുടെ കട്ടി അവന്‍ അറിഞ്ഞു. രോമകൂപങ്ങളില്‍ കൂടി തന്‍റെ മനസ്സിന്റെ കടിഞ്ഞാണ്‍ വിടീക്കുന്ന ചിന്തകള്‍ ഒലിച്ചിറങ്ങുന്നത് പോലെ. കൈ ഞരമ്പുകള്‍ കടിച്ചു മുറിച്ച് ആ ചിന്തകളെ, ഒപ്പം അവയുടെ വിസ്ഫോടനങ്ങള്‍ക്ക് തിരികൊളുത്തിയ ആ ചോദ്യത്തിനെ, പിന്നെ ചോദ്യകര്‍ത്താവിനെ, എത്രയും വേഗം ശരീരത്തിനുള്ളില്‍ നിന്നും പുറത്ത് ചാടിക്കാന്‍ അവന് തോന്നി.

തന്‍റെ മേദസ്സിനെ മഥിച്ചു രേതസ്സിനെ പുറം തള്ളുന്നത് പോലെ അത്ര എളുപ്പമല്ല ഈ മനസ്സിനെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ചിന്തകളെ പുറത്തേക്കെറിയാന്‍ എന്നവനറിയാമായിരുന്നു. ഭോഗം ഒരിക്കലും യോഗത്തിനടുത്തെത്തില്ലല്ലോ! ഭോഗിച്ചു ഭോഗിച്ച് ഒരു ഉണങ്ങിയ അത്തിമരം പോലെയായ തന്‍റെ ശരീരത്തിനുള്ളില്‍ വവ്വാലുകളെ പോലെ കുറേ ചിന്തകള്‍ മാത്രം കൂട് കൂട്ടിയത് മനസ്സിലാക്കാന്‍ അവന്‍ കുറച്ചധികം സമയമെടുത്തു. എങ്കിലും തന്നില്‍ ഉണങ്ങാതിരുന്ന ഭോഗതൃഷ്ണയെ അവന്‍ ഉണര്‍ത്താന്‍ ശ്രമിച്ചു. മരം ഉണങ്ങിയതാണെങ്കിലും ഒരു കാറ്റില്‍ അത് ആടി ഉലയുവാന്‍ ആഗ്രഹിക്കുമല്ലോ? പക്ഷേ, ആ കാറ്റിനെ തന്നിലേക്കാവാഹിക്കുവാന്‍ വേണ്ടത്ര ഇലകള്‍ അവശേഷിക്കുന്നില്ല എന്ന സത്യം തന്നെ ഭ്രാന്തനാക്കിയേക്കുമോ എന്ന് പോലും അവന്‍ ഭയന്നു. ചീഞ്ഞഴുകുന്ന തലച്ചോറിന്‍റെ മണം അവന്‍റെ മൂക്കുകളെ മരവിപ്പിച്ചു. ഒരു മഴയില്‍ മറ്റൊരു പുതുനാമ്പ് തന്നില്‍ ഉടലെടുക്കുമെന്ന് അവന്‍ ആശിച്ചു.

തന്‍റെ ചുണ്ടില്‍ ഒരു നനവ്‌ പടരുന്നോ? ആ നനവില്‍ ഉണ്ടാവാറുണ്ടായിരുന്ന മധുരം ഇന്നെവിടെ? എന്തേ ഇതിന് ഉപ്പുരസം? അതോ ചവര്‍പ്പോ? ആ ചുംബനങ്ങള്‍ ചെറിപ്പഴങ്ങള്‍ എന്നപോലെ ആസ്വദിച്ചിരുന്ന താന്‍ ഇന്നവയുടെ ഓര്‍മ്മകളെ അവളുടെ കണ്ണുനീരില്‍ ചാലിച്ച് നുണഞ്ഞുകൊണ്ടിരിക്കുന്നു. ആ കണ്ണുനീരില്‍ വിഷം കലര്‍ത്തിയത് താന്‍ തന്നെയാണെന്നും അവന്‍ ഓര്‍ത്തു. എങ്കിലും കണ്ണുനീരിന്റെ ഉടമയെ കുറിച്ചല്ല, ആ കണ്ണുനീരില്‍ മുക്കി താന്‍ നുണയുന്ന ചുംബനങ്ങളെ പറ്റിയല്ല, അവന്‍ ചിന്തിച്ചത്. അവന്‍റെ ചിന്തകള്‍ ആ കണ്ണുനീരില്‍ താന്‍ കലക്കിയ കൊടും വിഷത്തെപ്പറ്റിയായിരുന്നു - ആ വിഷം തന്‍റെ കൈകൊണ്ട് അവളെ കുടിപ്പിച്ചതിനെ കുറിച്ചായിരുന്നു - അതിന് ചവര്‍പ്പാനെന്നു അവള്‍ പറഞ്ഞതിനെപറ്റിയായിരുന്നു – അത് കുടിച്ചതിനുശേഷം അവള്‍ ഉന്നയിച്ച ചോദ്യത്തെപ്പറ്റിയായിരുന്നു.

“എന്തിന്?”, അവന്‍ ആ വാക്കുകള്‍ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു, “എന്തുകൊണ്ട് എന്നോട്?”. ക്ഷമിക്കണം പ്രിയേ, ഉത്തരം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്നേ ബുദ്ധനാകുമായിരുന്നു! ചിന്തിച്ച് കുഴങ്ങാന്‍ മാത്രമേ ഈ ചോദ്യങ്ങള്‍ സഹായിക്കുകയുള്ളൂ. ഒരു ഉത്തരം കിട്ടുമ്പോഴേക്കും വിഷം മൂര്‍ച്ഛിച്ച് ഉത്തരങ്ങള്‍ക്ക് പ്രസക്തിയില്ലാത്തിടത്തേക്ക് നീയും ഞാനും എത്തിച്ചേര്‍ന്നിരിക്കും. വിട.

7 comments:

  1. http://pukayunnakolli.blogspot.com/2011/07/blog-post_18.html

    Ethoralude blogpost. ithu mathramalla ee blog le ella postukalum onnu vayichu nokku. oru samadhanam kittum :D :P

    ReplyDelete
  2. entha aliya oru virakthi?? :) sanyasam ? gud

    ReplyDelete
  3. @അനോണി : ഇത് വായിച്ചിട്ട് വിരക്തി ആണെന്ന് തോന്നിയോ? തെറ്റിദ്ധരിക്കപ്പെട്ടതാവാം. :) ഒന്നിരുത്തി വായിച്ചു നോക്കൂ. വരികള്‍ക്കിടയിലൂടെ.

    ReplyDelete
  4. :):)vaayichu theernnappol oru samshayam baakki..ettan udheshichathu thanneyano njan manassilakkiyathennu...

    ReplyDelete
  5. വിഷം അവളെ കൊണ്ട് കുടിപ്പിചിട്ടുണ്ടെങ്കില്‍ , വിഷത്തിന്റെ മധുരം കൂടി അവള്‍ക്ക് അവന്‍ പകര്‍ന്നു കൊടുക്കണമായിരുന്നു...

    ReplyDelete
  6. Good one. keep writing..

    ReplyDelete