May 18, 2011

ഒരു ബ്രിട്ടീഷുകാരനും നമ്മുടെ മാലിന്യവും!

"Good people do not need laws to tell them to act responsibly, while bad people will find a way around the laws."- Plato
ഫേസ്ബുക്കില്‍ സര്‍ഫ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ് ഒരു വീഡിയോ എന്‍റെ ശ്രദ്ധയില്‍ പെട്ടത്. കോട്ടക്കലെ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷുകാരനായ ഒരു മനുഷ്യന്‍ തന്‍റെ മുറിയുടെ ജന്നാലയില്‍ നിന്നും കണ്ട മാലിന്യം നീക്കുവാന്‍ മുന്നിട്ടിറങ്ങിയതിനെക്കുറിച്ച് ഒരു പ്രാദേശിക ടി.വി ചാനല്‍ ഒരുക്കിയ റിപ്പോര്‍ട്ട്‌ ആയിരുന്നു പ്രസ്തുത വീഡിയോ. വീഡിയോ താഴെ ചേര്‍ത്തിരിക്കുന്നു.




ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇദ്ദേഹം തന്‍റെ ജന്മനാട്ടില്‍ സാമാന്യം ഭേദപ്പെട്ട ഒരു തൊഴില്‍ ചെയ്തു ജീവിക്കുന്നു. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ചികിത്സക്ക് വരുമ്പോള്‍ അദ്ദേഹം ഇതുപോലെ ചവറ് കിടക്കുന്നത് കാണേണ്ടിവരും എന്ന് ഒരുപക്ഷെ ചിന്തിച്ചിട്ടുണ്ടാവില്ല. എന്തായാലും ചവറിനോട് തനിക്കുള്ള ഇഷ്ടക്കുറവുകൊണ്ടും അത് കാണുവാനോ അതിന്‍റെ മണം ഇഷ്ടമില്ലാത്തതിനാലും താന്‍ കണ്ട, ദിവസവും കാണേണ്ടിവരുന്ന, ചവറ് നീക്കം ചെയ്യുവാന്‍ അദ്ദേഹം തന്നെ ഇറങ്ങിപ്പുറപ്പെട്ടു. അതും ഒറ്റക്ക്. ചാറ്റല്‍മഴ വീഴുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ താന്‍ തുടങ്ങിയ പണി സാമാന്യം വൃത്തിയായിതന്നെ അദ്ദേഹം തീര്‍ത്തു എന്നതും ശ്രദ്ധേയമാണ്.


ഇനി വിശദാംശങ്ങളിലേക്ക് കടക്കാം. അദ്ദേഹം ഒറ്റക്കാണ് അത് മുഴുവന്‍ ചെയ്തത് എന്ന് പറയുന്നു. എന്താ ആ നാട്ടിലെ മനുഷ്യരൊക്കെ തളര്‍വാതം പിടിച്ച് കിടപ്പിലാണോ? അവര്‍ നോക്കി നിന്ന് കമ്മന്റടിച്ചുവത്രേ! അതെന്തൊക്കെയായാലും നന്നായി. അങ്ങോര്‍ക്ക് വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ മറ്റൊന്നും വേണ്ടിവന്നിട്ടുണ്ടാവില്ല. ജോലിചെയ്യുന്നയാള്‍ക്കും ആനന്ദം, കണ്ടുനിന്ന് ഗീര്‍വാണമടിക്കുന്നവനും ആനന്ദം. അദ്ദേഹം പറയുന്നു അദ്ദേഹത്തിന്റെ നാട്ടില്‍ ഇങ്ങനെ ചവറ് വാരിയിട്ടാല്‍ ശിക്ഷ കിട്ടും പോലും! പിന്നേ, മലയാളിയെ ശിക്ഷ എന്നൊക്കെപ്പറഞ്ഞ് പേടിപ്പിക്കാനോ? പേടിക്കും പേടിക്കും!


അല്ല, ഇദ്ദേഹം മാത്രമാണോ ഇങ്ങനെ  ചവറുവാരാന്‍ നടക്കുന്നത്? എന്താ ഈ നാട്ടില്‍ പ്രബുദ്ധരായ ജനങ്ങള്‍ ഇല്ലേ? തീര്‍ച്ചയായും ഉണ്ട്. പക്ഷേ, ഭൂരിഭാഗം മലയാളികള്‍ക്കും അതൊക്കെ ചെയ്യുന്നവര്‍ കോമാളികളെ പോലെയാണ്. അതിലും കുറച്ചു കാര്യമില്ലാതില്ല. സ്വന്തം ചവറുപെറുക്കുന്നത് അംഗീകരിക്കാം. വല്ലവനും ഒക്കെ ഇടുന്ന ചവറ് പെറുക്കേണ്ട കാര്യമുണ്ടോ? നാട്ടില്‍ കുറച്ചു ചവറ് കിടന്നാല്‍ നാടിനു കണ്ണുതട്ടാതെയെങ്കിലും ഇരിക്കും! ഹല്ലപിന്നെ. അപ്പോള്‍ ഈ ചവറുപെറുക്കാന്‍ നടക്കുന്ന അഭ്യസ്തവിദ്യരെ കാണുമ്പോള്‍ ആര്‍ക്കും ഒന്ന് ചൊറിയും. ചൊറിക്ക് മരുന്നുവാങ്ങാന്‍ കാശില്ലാത്തവന്‍ അതും ചൊറിഞ്ഞു നടക്കുകയും ചെയ്യും. ചന്തിയില്‍ ചൊറിവന്നാല്‍ സഹിക്കാം. നാക്കില്‍ വന്നാലോ? അങ്ങിനെയുള്ളവന്മാര്‍ നല്ല ജോലിചെയ്യുന്നവനെ ചീത്തയും പറഞ്ഞു നടക്കും എന്നാണ് എനിക്ക് ഇതില്‍നിന്നും മനസ്സിലായത്‌.


വെറുതെ പറയുകയല്ല. അമൃത എന്ന സ്ഥാപനത്തില്‍ പഠിക്കുന്നത്കൊണ്ട് ഞാനും ഇങ്ങനെകുറെ സംഭവങ്ങളെ കാണാറുണ്ട്‌. ഡോക്ടറേറ്റും ഒക്കെ ഉണ്ടെങ്കിലും എന്നും വൈകിട്ട് ചവറുവാരാന്‍ പോകുന്ന സംഭവങ്ങളെ! ഞാന്‍ പക്ഷേ ഇതിനൊന്നും പോകാറില്ല കേട്ടോ. നമ്മുടെ നാട്ടിലെ മാലിന്യത്തിന്റെ അളവുകുറയണമെങ്കില്‍ ഇങ്ങനെ കുറേപ്പേര്‍ ചവറുവാരാന്‍ നടന്നാലൊന്നും ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് നല്ല പൂര്‍ണബോധ്യം ഉള്ളതുകൊണ്ടുകൂടെയാണ് ഞാന്‍ ഇതിനു പോകാത്തത്. അങ്ങിനെ വല്ലോം സംഭവിക്കണമെങ്കില്‍ അവനവന്‍ വിചാരിക്കണം.


അപ്പോള്‍ പറഞ്ഞുവന്നത്, ഇക്കണ്ട ബുദ്ധിജീവികളെല്ലാം കൂടെ വൈകിട്ട് ചാക്കുമായി ചവറ് വാരാന്‍ ഇറങ്ങും. ഓരോ ദിവസവും നല്ല കൊയ്ത്താണ്. തലേന്ന് കിട്ടിയതിനേക്കാള്‍ മാലിന്യം ഓരോ ദിവസവും കിട്ടുന്നുമുണ്ട്. അതിന്‍റെ അര്‍ഥം എന്താണ്? ആരെ ഇവര്‍ സേവിക്കണമെന്നും നേരെയാക്കണമെന്നും കരുതുന്നുവോ അതേ ആള്‍ക്കാര്‍ തന്നെ ഇവരുടെ സേവനമനോഭാവത്തെ ദുരുപയോഗം ചെയ്യുന്നു എന്നല്ലേ? ഇതുവരെയും ഒരു നാട്ടുകാരന്പോലും ഇവര്‍ നിര്‍ദേശിച്ച ഇടത്ത് ചവറിട്ടിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല. കാരണം പലപ്പോഴും ഇവര്‍ വഴിയോരങ്ങളില്‍ നിന്നും ചവറ് പെറുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍, ഇങ്ങനെയുള്ളവരെ ഇത്തരത്തില്‍ സേവിച്ചതുകൊണ്ട് കാര്യമുണ്ടോ? അതുമാത്രമല്ല, കുറേ നാട്ടുകാര്‍ പറയുന്നത് അവര്‍ ഇതിനോട് സഹകരിക്കാത്തത് ഇവര്‍ ഈ ചവറൊക്കെ കൊണ്ടുപോകുന്നത് വിറ്റ് ലാഭമുണ്ടാക്കാന്‍ ആയതുകൊണ്ടാണത്രേ! എത്ര മനോഹരമായ വിശദീകരണം!


അതുപോലെ, നമ്മുടെ യാത്രകള്‍ക്കിടയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് ഒരുകാര്യം മനസ്സിലാവും. കുറച്ചെങ്കിലും സാമൂഹികമായി പ്രതിപത്തിയുള്ള ഒരാള്‍ക്ക്‌ തന്‍റെ കയ്യിലുള്ള പ്ലാസ്റ്റിക് കൂടോ കുപ്പിയോ വഴിയില്‍ വലിച്ചെറിയേണ്ടി വരുന്നത് നിസ്സഹായാവസ്ഥ ഒന്നുകൊണ്ടു മാത്രമാണ്. "ഇവിടെ മാലിന്യം നിക്ഷേപിക്കരുത്" എന്ന ബോര്‍ഡ്‌ വയ്ക്കുന്നതിനൊപ്പം മാലിന്യം എവിടെ നിക്ഷേപിക്കാം എന്നൊരു സൂചിക കൂടി വയ്ക്കുന്നത് നന്നായിരിക്കും. മാലിന്യം നിക്ഷേപിക്കുവാന്‍ ആവശ്യത്തിന് ചവറുപെട്ടികള്‍ സജ്ജമാക്കേണ്ടതുമാണ്. പലപ്പോഴും ആഹാരസാധനങ്ങളുടെ പ്ലാസ്റ്റിക് കവറുകളും മറ്റും ബാഗിലാക്കി വീട്ടില്‍കൊണ്ടുവന്നു മറ്റ് ചവറുകളുടെ കൂടെ കുഴിച്ചിടേണ്ടി വന്നിട്ടുണ്ട് എന്നത് കൊണ്ടും കൂടിയാണ് ഞാന്‍ മേല്‍പ്പറഞ്ഞ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.


നമ്മുക്ക് നഗരസഭകളും അവയില്‍ ചവറ് പെറുക്കാന്‍ തൊഴിലാളികളും ഉണ്ടായതുകൊണ്ടുമാത്രം ഇവിടെ മാലിന്യപ്രശ്നം തീരില്ല. പല വികസിത രാജ്യങ്ങളിലും ഉള്ളതുപോലെ മാലിന്യം വലിച്ചുവാരിയിടുന്നതിനെതിരെ നമുക്കും നിയമങ്ങള്‍ ആവശ്യമാണ്‌. ഓരോ വീട്ടുകാരും നിശ്ചിത രൂപത്തിലുള്ള മാലിന്യം നിശ്ചിതമായ സ്ഥലങ്ങളില്‍ വെവ്വേറെയായി നിക്ഷേപിക്കണം എന്നുംമറ്റും  ഒരു നിയമം പാസ്സാക്കുന്നത് ഇത്രവലിയ കാര്യമാണോ? മാലിന്യസംസ്കരണം എന്നൊക്കെയുള്ള പേരുകളില്‍ നമ്മുടെ സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമാണ് അല്ലെങ്കില്‍ നേരാംവണ്ണം ഉപയോഗിക്കുന്നില്ല എന്നും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യേണ്ടരീതിയില്‍ ചെയ്യാതെ ഓരോ സീസണില്‍ ഓരോ തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിനു നമുക്ക് ദൈവത്തിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ? അതിനാല്‍ നമുക്കോരോരുത്തര്‍ക്കും അവനവനാല്‍ കഴിയുന്നതരത്തില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കാന്‍, അല്ലെങ്കില്‍ വലിച്ചുവാരിയെറിയാതിരിക്കാന്‍ ശ്രമിക്കാം.

5 comments:

  1. ധാര്‍മികരോഷം!!!

    ReplyDelete
  2. അഹോ കഷ്ടം!!! എഴുതാന്‍ മാത്രം "ആര്‍ഷ ഭാരതം സംസ്കര സമ്പന്നം" അല്ലതോപ്പോഴൊക്കെ ആഭാസ സമ്പന്നം..... ഇത്രേ എനിക്ക് പറയാനുള്ളൂ :(

    ReplyDelete
  3. Nice Article. Please check www.MalainaKeralam.com to see what I have found in Kerala during my last trip. I have some suggestions for a clean Kerala on www.GreenKerala.com - Planning to visit again in August and like to organize a few volunteers to clean up some part of Kerala. Any takers? email me at tomvell@gmail.com

    ReplyDelete
  4. avanavan nannaavanam...
    apol veed nannaavum...
    veed nannaayal chutupaad...
    pinne, samoohavum...
    ethra manoharamaaya nadakatha swapanam,,,,,,,,,,,

    ReplyDelete
  5. നല്ല കാര്യങ്ങൾ നമുക്ക് അനുകരിക്കാനാവില്ലല്ലോ.....
    ദയവായി വെർഡ് വെരി: ഒഴിവാക്കിക്കൂടെ.?

    ReplyDelete